"മതിവരുവോളം നുകർന്നതില്ല നിൻ സ്നേഹം"
-*അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA*
ഞാൻ കണ്ടൊരപൂർവ്വ ഇണകൾ ഇവർ
അതിലൊരുകിളി ഇന്നിതാ പറന്നുപോയി
പത്മിനിയെ പാരിതിൽ തനിച്ചാക്കിയിന്നിതാ
എന്തെ ശെൽവാ നീ പറന്നകന്നു....
പിരിയാൻ കഴിയാത്തൊരിണപ്പൂക്കളായി
പൊരുതി ജീവിതം കരകയറ്റി നിങ്ങൾ
പരസ്പരം പിരിയാൻ കഴിയാത്തവരായി
പാട്ടും താളവുമായി ജീവിച്ചതല്ലേ നിങ്ങൾ
ചേതനയറ്റനിൻ ചാരത്തു തേങ്ങലായി
നെഞ്ചകം പൊട്ടിയിരിക്കും കുടുംബത്തെ
ഒരു മാത്രയല്ലേ നോക്കാൻ കഴിയുള്ളു-
സ്വാന്തനമേകാൻ ഒന്നുരിയാടാനാകില്ല...
ആളല്ല ഞാൻ നിങ്ങൾതൻ സ്നേഹമളന്നീടാ--
നാകില്ലെനിക്കതിൻ വ്യാപ്തിയറിയുവാൻ
ആഴിതൻ ആഴത്തിൽ ആണ്ടെത്ര ചെന്നാലും
അറിയാനാകില്ല ഈ പ്രണയത്തിൻ മാധുര്യം
എന്തിനുമേതിനും ശെൽവനെതിരയുന്ന
നിൻ ശെൽവിക്ക് നീയല്ലേ കരുതലെന്നും
അറിയാതെ ആമനം നിന്നെ തിരഞ്ഞീടിൽ
അകതാരിൽ ശക്തിയായി നീ നിറഞ്ഞീടണം
ഇനിയുമൊരുപാട് കാതങ്ങൾ താണ്ടുവാൻ
നീ നെയ്ത സ്വപ്‌നങ്ങൾ ശാശ്വതമാക്കുവാൻ
മനസ്സിലൊരു ശക്തിയായി നീ തന്നെ നിൽക്കണം
മറുകരയെത്തുവാൻ "തോണി..." നീയാകണം
* * * * *
കൗമാര കാലത്തു കണ്ടറിഞ്ഞു നമ്മൾ
കളിയും ചിരിയുമായി തമ്മിലടുത്തവർ
ഓട്ടക്കാരനായോടി കൊടിമുടിയേറി നീ
ഓടിനീയെന്നോപ്പം കർമ്മ പഥങ്ങളിൽ
കൽക്കരി വണ്ടികൾ ചൂളം വിളിച്ചുനിൻ
ജീവിത യാത്രയ്ക്ക് പുതുവഴി ഏകീട്ടും
റെയിൽ തെറ്റി ഓടാതെ നീയെൻ വഴികളിൽ
സ്നേഹ പൂമഴയായി പെയ്തുനിന്നു
പുത്തൻ തലമുറ പൊരുതി മുന്നേറിടാൻ
കായിക ശക്തിയെ വാർത്തെടുത്തീടുവാൻ
എന്തെല്ലാം സ്വപ്‌നങ്ങൾ നീ നെയ്തെടുത്തെന്ന--
തോർത്തൊന്നു നോക്കുമ്പോൾ വേദനയേറുന്നു
ശെൽവനും പപ്പിയും കൊച്ചു കിടാങ്ങളും
എല്ലാരും ചേർന്നൊരെൻ ബാലതരംഗം
ഈ മണ്ണിൽ നിലനിൽക്കും കാലം വരെയും
നിൻ സ്വപ്നം ശാശ്വതമാക്കുവാൻ പൊരിതിടും
മറക്കില്ലൊരിക്കലും നിന്നെയറിഞ്ഞവർ.......
മരിക്കാതെനിൽക്കും ഓർമ്മകൾ എന്നെന്നും.......
മതിവരുന്നില്ലനിൻ സ്നേഹപ്പിയൂഷം.......
മതിവരുവോളം നുകർന്നതില്ലാരുമേ.......
Comments
Post a Comment